കോടതിയിൽ ഹാജരാകുന്നതിന് മുൻപായി നടത്തിയ വൈദ്യ പരിശോധനയിൽ പി സി ജോർജിന് ആരോഗ്യ പ്രശ്‌നം. ഇസിജിയിൽ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പിസിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോർജിന്റെ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യാനുള്ള അന്തിമ തീരുമാനം.
പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശം. ഇവിടെ ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം അടക്കമുള്ള പ്രശ്നങ്ങൾ പി സിക്കുള്ളതിനാൽ രാത്രിയിൽ ഓക്സിജൻ മാസ്ക് അടക്കമുള്ള സംവിധാനങ്ങൾ അദ്ദേഹത്തിന് ആവശ്യമാണ്. ഇതിനുള്ള സൗകര്യം നിലവിൽ പാലാ സബ് ജയിലിൽ ഇല്ലാത്തതിനാലാണ് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ തടവുകാരുടെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.
ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിലാണ് പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പി സി ജോർജിന് കനത്ത തിരിച്ചടിയായിരുന്നു കോടതി തീരുമാനം.
© The News Journalist. All Rights Reserved, .
Design by The Design Shop