കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ശശി തരൂർ ഉയർത്തിയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെടൽ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.
വെള്ളിയാഴ്ച ഇവരുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തും. വിവാദത്തിൽ നിലവിലെ നേതൃത്വത്തിന് ഹൈക്കമാൻഡ് പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ കൂടുതൽ പരസ്യ പ്രതികരണം നടത്തരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം കെ.പി സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് നടക്കും. രാത്രി എട്ടുമണിക്ക് ഓൺലൈനായി ആണ് യോഗം ചേരുക.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഓരോ ജില്ലയിലെയും ഭരണം പിടിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളും അവിടെയുള്ള ക്രമീകരണങ്ങളും യോഗത്തിൽ ഡിസിസി അധ്യക്ഷന്മാർ വ്യക്തമാക്കും. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവയുടെ സാധ്യതയും പരിശോധിക്കും. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലും നേതൃത്വത്തിന്റെ നിർദേശം ക്രോഡീകരിക്കും. ഒപ്പം ശശി തരൂർ വിവാദവും യോഗത്തിൽ ചർച്ചയായേക്കും.
© The News Journalist. All Rights Reserved, .
Design by The Design Shop