വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം അംഗീകരിക്കില്ലെന്ന് ആക്ഷൻ കൗൺസിൽ. 10 സെൻറ് ഭൂമി വീടിനായി നൽകണം. മുഖ്യമന്ത്രിയടക്കം ഇക്കാര്യത്തിൽ ഉറപ്പു നൽകിയതാണ്. പുനരധിവാസത്തിനായി നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണം. ദുരന്തബാധിതർ ആവശ്യപ്പെട്ട മേപ്പാടി പഞ്ചായത്തിൽ തന്നെ പുനരധിവസിപ്പിക്കണം എന്നാണ്. നിലവിൽ സർക്കാർ നെടുമ്പാല എസ്റ്റേറ്റിൽ നിന്ന് പിൻവാങ്ങുകയാണ്. ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും 300 രൂപ ദിനബത്തയുടെ കാലാവധി കൂട്ടിയത് സ്വാഗതാർഹം എന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ മൻസൂർ കല്ലൊടുമ്പൻ വ്യക്തമാക്കി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ മന്ത്രിസഭാ യോഗത്തിൽ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop