ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഒരേവേദിയില്‍ കളിക്കുന്നത് ഇന്ത്യക്ക് അധിക ആനുകൂല്യം നല്‍കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചാമ്പ്യൻസ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ഇന്ത്യക്ക് ഒരേവേദിയില്‍ തന്നെ കളിക്കാനായിരുന്നു. ഇതിനെതിരെ പാകിസ്ഥാനും ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടക്കമുള്ള ടീമുകള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിക്ക് മുമ്പ് രോഹിത് മറുപടിയുമായി എത്തിയത്.
ഓരോ മത്സരത്തിലും ഇവിടെ വ്യത്യസ്ത സ്വഭാവമുള്ള പിച്ചുകളിലാണ് ഞങ്ങള്‍ കളിച്ചത്. ഇത് ഞങ്ങളുടെ നാടല്ല, ഇത് ദുബായിയാണ്. ഇവിടെ ഞങ്ങള്‍ അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഞങ്ങള്‍ക്കും ഈ വേദി പുതിയതാണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് രോഹിത്തിന്‍റെ മറുപടി. സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് സാഹചര്യങ്ങളുമായി ഇന്ത്യൻ ടീമും പൊരുത്തപ്പെടേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്നോ നാലോ പിച്ചുകളുണ്ട്. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഏത് പിച്ചിലായിരിക്കും കളിക്കേണ്ടിവരികയെന്ന് എനിക്കറിയില്ല. പക്ഷെ ഏത് പിച്ചില്‍ കളിച്ചാലും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടേ മതിയാവു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവും തന്ത്രങ്ങള്‍ മെനയുകയെന്നും രോഹിത് പറഞ്ഞു.
ഇന്നലെ നടന്ന ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കിവീസ് പേസര്‍മാര്‍ക്ക് സ്വിംഗ് ലഭിച്ചിരുന്നു. എന്നാല്‍ ഇവിടെ കളിച്ച ആദ്യ രണ്ട് കളികളിലും ഇന്ത്യൻ പേസര്‍മാര്‍ക്ക് യാതൊരു സ്വിംഗും ലഭിച്ചിരുന്നില്ല. അതിനര്‍ത്ഥം ഓരോ ദിവസവും ഓരോ തരത്തിലാണ് പിച്ച് പെരുമാറുന്നതെന്നാണ്. അതുകൊണ്ട് തന്നെ നാളെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. എങ്കിലും ബൗളര്‍മാര്‍ക്ക് കൂടി പിന്തുണ കിട്ടുന്ന പിച്ചാണെങ്കില്‍ മത്സരം കൂടുതല്‍ കടുത്തതാകും.
© The News Journalist. All Rights Reserved, .
Design by The Design Shop