ഹരിയാനയിലെ കോണ്‍ഗ്രസ് വനിതാ നേതാവ് ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഹിമാനിയെ കൊലപ്പെടുത്തിയ പ്രതി ആഭരണങ്ങളും, ലാപ്‌ടോപ്പും കവര്‍ന്നെന്നും പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു.
റോത്തകില്‍ മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന 32 കാരനായ സച്ചിന്‍ എന്നയാളാണ് അറസ്റ്റിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ഹിമാനിയും സച്ചിനും അടുപ്പത്തില്‍ ആയിരുന്നുവെന്നും, പെട്ടന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ഹിമാനിയുടെ വിജയ് നഗറിലെ താമസ സ്ഥലത്ത് വച്ച് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
ഹിമാനിയുടെ ആഭരണങ്ങളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നശേഷം, മൃതദേഹം സ്യൂട്ട്‌ക്കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഹിമാനി ഭീഷണിപ്പെടുത്തി തന്നില്‍ നിന്നും പണം തട്ടിയതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയത് എന്ന് പ്രതി മൊഴി നല്‍കിയെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സച്ചിന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണെന്ന് പൊലീസ് വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop