തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. ഇയാൾ പിന്നീട് പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി ടിറ്റോ തോമസ് പൊലീസിന് മൊഴി നൽകി. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.
വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയാണ് തീ പടർന്നത്. ആദ്യഘട്ടത്തിൽ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് പറഞ്ഞ്, മുൻജീവനക്കാരൻ മെഡിക്കൽ കോളജ് പൊലീസിൽ കീഴടങ്ങിയത്.
കുന്നംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
© The News Journalist. All Rights Reserved, .
Design by The Design Shop