സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഐഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.
© The News Journalist. All Rights Reserved, .
Design by The Design Shop