ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം. ടി വിചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. ഒ ടി ടിയിൽ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകിയതായും സെൻസർബോർഡ് അധികൃതർ വ്യക്തമാക്കി. എ സർട്ടിഫിക്കറ്റ് നൽകിയതിനാലാണ് സെൻസർ ബോർഡിന്റെ നടപടി. സിനിമയിലെ രംഗങ്ങൾ പൂർണമായും മുറിച്ചുമാറ്റിയുള്ള സെൻസറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തിൽ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച സർട്ടിഫിക്കറ്റ് നൽകുകയാണ് രീതി. മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമിക്കില്ലെന്ന പ്രതികരണവുമായി നിർമാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയ്‌ക്കെതിരെ സെൻസർബോർഡ് നിയമം കർശനമാക്കിയ സാഹചര്യത്തിൽ മാർക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.
മലയാളത്തിൽ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന നിലയിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചില കോണുകളിൽ നിന്നും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആരും പരാതിയുമായി രംഗത്തെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ വിവിധ അനിഷ്ടസംഭവങ്ങളെതുടർന്ന് നിയമസഭയിൽ വിഷയം ചർച്ചയ്ക്കുവന്നിരുന്നു. ആവേശം സിനിമയിലെ പ്രശസ്ത ഡയലോഗ് ഉദ്ധരിച്ച് മുഖ്യമന്ത്രി മാർക്കോ പോലുള്ള സിനിമകൾക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. സെൻസർബോർഡിനെതിരെയും ആരോപണം കടുപ്പിച്ചതോടെയാണ് മാർക്കോ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop