കോട്ടയം: ഇടത് മുന്നണിയിലേക്ക് ചുവട് മാറി തോമസ് ചാഴിക്കാടന്‍ രണ്ടാം അങ്കത്തിനിറങ്ങിയ കോട്ടയത്ത് പക്ഷെ ചുവട് പിഴച്ചു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടമെന്ന നിലയില്‍ ശ്രദ്ധ നേടിയ കോട്ടയം ഇക്കുറി തുണച്ചത് യുഡിഎഫിനൊപ്പമുള്ള ജോസഫ് ഗ്രൂപ്പിനെ. കഴിഞ്ഞ തവണ യുഡിഎഫ് പിന്തുണയില്‍ ഒരു ലക്ഷത്തിലേറെ വോട്ട് നേടി കോട്ടയം പിടിച്ച തോമസ് ചാഴിക്കാടനെ നേരിടാന്‍ യുഡിഎഫ് ഇക്കുറി ഇറക്കിയത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ കെഎം ജോര്‍ജ്ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ.
മാണി ഗ്രൂപ്പില്‍ നിന്നുള്‍പ്പെടെയുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചു എന്നതാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മുന്നണി മാറിയെങ്കിലും മണ്ഡലത്തില്‍ നിറഞ്ഞു നിന്ന തോമസ് ചാഴിക്കാടന്റെ വ്യക്തി പ്രഭാവം ഭരണ വിരുദ്ധ വികാരത്തെ നിഷ്പ്രഭമാക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി.
87464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ വിജയം. 2019നേക്കാള്‍ എഴുപതിനായിരത്തില്‍ അധികം വോട്ടുകള്‍ കുറവ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ എണ്‍പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടാനായത് ജോസഫ് ഗ്രൂപ്പിന് മുന്നണിയില്‍ ജീവശ്വാസമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനും മാത്രമാണ് വിജയിക്കാനായത്.
രാജ്യസഭ സീറ്റിന് വേണ്ടി ഇടതുമുന്നണിയില്‍ അവകാശമുന്നയിക്കുന്ന മാണി ഗ്രൂപ്പിന് കോട്ടയത്തെ തോല്‍വി കനത്ത തിരിച്ചടിയാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിക്കാനായത് പാര്‍ട്ടിക്ക് കരുത്തായിരുന്നു എന്നാല്‍ ഈ തോല്‍വി രാജ്യസഭ സീറ്റില്‍ പാര്‍ട്ടിക്ക് പ്രതിബന്ധമാകും. കോട്ടയത്തെ യുഡിഎഫ് കണ്‍വീനര്‍ സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടത് മുതലാക്കാന്‍ മാണി ഗ്രൂപ്പിന് സാധിച്ചില്ല. കേരള കോണ്‍ഗ്രസിലെ കരുത്ത് തെളിയിക്കാനായതില്‍ പിജെ ജോസഫിന് ഇനി ചിരിക്കാം.
© The News Journalist. All Rights Reserved, .
Design by The Design Shop