കുഫോസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കുഫോസ് വി സി നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ നടപടി. കുഫോസ് വി സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയും അഭിപ്രായം തേടാതെയുമാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച ആരോപണം.
ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ക്കുള്ള അധികാരം വിശദീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി തീര്‍പ്പാകുന്നതുവരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് തീരുമാനം.
© The News Journalist. All Rights Reserved, .
Design by The Design Shop