കേന്ദ്രസർക്കാറിന്റെ ലക്ഷ്യം സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് വിമർശിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സ്വാതന്ത്ര്യ ദിനത്തിൽ എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനും കേന്ദ്രസർക്കാരിനും സംഘപരിവാറിനും എതിരെ അതിരൂക്ഷ വിമർശനമാണ് പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ചത്.
സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ബ്രിട്ടീഷുകാർ മുന്നോട്ടുവെച്ച വിഭജിച്ച് ഭരിക്കുക എന്ന നയം ഉപയോഗിച്ചവരാണ് സംഘപരിവാറും ആർഎസ്എസും എന്ന് അദ്ദേഹം പറഞ്ഞു. നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ ശക്തിയാണ് ന്യൂനതയല്ല. ഇന്ത്യക്ക് വളരെ എളുപ്പത്തിൽ സ്വാതന്ത്ര്യം കിട്ടിയെന്നാണ് ഇവിടെ ചിലർ പറഞ്ഞു പരത്തുന്നത്. എന്നാൽ സത്യം അതല്ല. ലക്ഷക്കണക്കിന് മനുഷ്യരുടെ ത്യാഗം, സ്വന്തം ജീവിതവും വീടും ഉപേക്ഷിച്ച് പോരാട്ടരംഗത്തേക്ക് ഇറങ്ങിയ, സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർ അടക്കം ജയിലിൽ കിടന്ന് നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമര സേനാനികൾ കാട്ടിക്കൊടുത്ത പാതയിലൂടെ നടക്കുന്നതിന് പകരം, രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരികൾ വിദ്വേഷ ചിന്തകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
വിഭജൻ വിഭിഷിക സ്മൃതി ദിവസമായി ഓഗസ്റ്റ് 14 ഇക്കൂട്ടർ ആചരിച്ചത് വിദ്വേഷം പരത്താനാണ്. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കെടുക്കാത്തവർ കോൺഗ്രസിനെ ഉപദേശിക്കാൻ നടക്കുകയാണ്. ഇവരുടെ തന്നെ വിദ്വേഷം നിറഞ്ഞ രാഷ്ട്രീയമാണ് രാജ്യത്തെ വിഭജിക്കാൻ കാരണമായത്. രാജ്യം വിഭജിക്കപ്പെട്ടത് ഇവർ കാരണമാണ്. സംഘപരിവാറാണ് ബ്രിട്ടന്റെ വിഭജിച്ചു ഭരിക്കുക എന്ന നയത്തെ പിന്താങ്ങിയത്. 60 വർഷത്തിനു ശേഷമെങ്കിലും അവർക്ക് സ്വന്തം തെറ്റ് തിരുത്താൻ ആവുന്നത് നല്ല കാര്യമാണെന്ന് ഹർ ഘർ തിരങ്ക പ്രചാരണത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്ര പതാക ഉയർത്താൻ മടിച്ചവർ ഇന്ന് ഹർ ഘർ തിരംഗയെ കുറിച്ച് സംസാരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop