കോഴിക്കോട്: വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, മുണ്ടക്കൈ ജിഎല്‍പി സ്‌കൂളുകളിലെ 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ജിഎച്ച്എസ്എസിലും മേപ്പാടി പഞ്ചായത്തിന്റെ അധീനതയിലുള്ള എപിജെ ഹാളിലും പഠന സൗകര്യം ഒരുക്കുന്നതിനു നടപടിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
വെള്ളാര്‍മലയിലെ 552 ഉം മുണ്ടക്കൈയിലെ 62 ഉം കുട്ടികള്‍ക്കാണ് പഠന സൗകര്യമാകുന്നത്.
വെളളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതിന് മേപ്പാടി സ്‌കൂളില്‍ 12 ക്ലാസ് മുറി, രണ്ട് ഐടി ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും മുണ്ടക്കൈയിലെ കുട്ടികള്‍ക്കായി എപിജെ ഹാളില്‍ അഞ്ച് ക്ലാസ് മുറിയും സജ്ജമാക്കും.
ഉരുള്‍പൊട്ടലില്‍ 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണാതാകുകയും ചെയ്തതായാണ് ലഭ്യമായ കണക്ക്. പഠനം പുനഃക്രമീകരിക്കുമ്പോള്‍ ഉച്ച ഭക്ഷണത്തിന്റെ കാര്യത്തില്‍ ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയുടെ അടുക്കള ജിഎല്‍പിഎസ് മേപ്പാടിയുടെ അടുക്കളയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ജിഎല്‍പിഎസ് മുണ്ടക്കൈയുടെ അടുക്കള ജിഎച്ച്എസ്എസ് മേപ്പാടിയിലും പ്രവര്‍ത്തിക്കും.
296 കുട്ടികള്‍ക്ക് നഷ്ടപ്പെട്ട പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 282 കുട്ടികള്‍ക്കു യൂണിഫോം ലഭ്യമാക്കുന്നതിനു നടപടി ആരംഭിച്ചു. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 20 ബയോ ടോയ്‌ലറ്റ് സ്ഥാപിക്കും. ഐടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തില്‍ സജ്ജമാക്കും.
കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള മാനസിക പിന്തുണാ പ്രവര്‍ത്തനം എസ്എസ്‌കെ, എസ്‌സിഇആര്‍ടി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പ്രത്യേകം മൊഡ്യൂള്‍ തയാറാക്കി നടത്തും. കുട്ടികളുടെ വിവിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop