തൃശൂർ എം.പി. ശ്രീ സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാർ പാർലിമെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി. നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് സുരേഷ് ഗോപി മനസിലാക്കണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
തൃശൂർ എം.പി. ശ്രീ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും. തൃശൂർ ലോക്സഭാ മണ്ഡലത്തോട് പോലും നീതി കാണിക്കാൻ കേന്ദ്ര ബജറ്റിനായില്ല. തൃശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ജനങ്ങൾ നോക്കിയിരുന്നത്. അതിലൊന്നാണ് ടൂറിസം സ്പിരിച്വൽ സർക്യൂട്ട്. എയിംസിന്റെ പ്രഖ്യാപനം തൃശൂരിലേക്കാകുമോ എന്ന പ്രതീക്ഷയും തീർന്നു. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി കേരളത്തിനായി കൊണ്ടുവരുമെന്ന പ്രതീക്ഷയും വെള്ളത്തിലായി.കൊച്ചി മെട്രോ തൃശൂർ വരെ നീട്ടുന്നതടക്കമുള്ള വികസനപ്രവർത്തനങ്ങൾ എല്ലാവരും പ്രതീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop