മണിപ്പൂരിൽ വീണ്ടും അക്രമം. ശനിയാഴ്ച ജിരിബാമിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് പേർ മരിച്ചു. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ആദ്യ സംഭവം. ഒറ്റപ്പെട്ട സ്ഥലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികന്റെ വീട്ടിൽ തീവ്രവാദികൾ അതിക്രമിച്ച് കയറി ഉറക്കത്തിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. കുലേന്ദ്ര സിംഗ് എന്നയാളാണ് മരിച്ചത്. അതിനിടെ, ചുരാചന്ദ്പൂർ ജില്ലയിലെ മുഅൽസാങ്, ലൈക മുഅൽസൗ ഗ്രാമങ്ങളിൽ വെള്ളിയാഴ്ച സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ തീവ്രവാദികളുടെ മൂന്ന് ബങ്കറുകൾ നശിപ്പിച്ചു.
വയോധികൻ കൊല്ലപ്പെട്ടതിന് പിന്നാലെ കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ വെടിവയ്പുണ്ടായി. ഇതിൽ നാല് പേർ മരിച്ചു. പ്രദേശത്ത് രാവിലെ മുതൽ തുടർച്ചയായി വെടിവയ്പുണ്ടായതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രി വൈകി ഇംഫാൽ റൈഫിൾസ് ആസ്ഥാനത്ത് ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം സുരക്ഷാ സേനയിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചു. പോലീസും സിആർപിഎഫ് ജവാന്മാരും തിരിച്ചടിച്ചു. പെല്ലറ്റ് തോക്കിൽ നിന്ന് നിരവധി റൗണ്ട് വെടിയുതിർത്തു. മോക്ക് ബോംബുകളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.
സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിൽ രാത്രി മുഴുവൻ സംഘർഷം തുടർന്നു. 5 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഇവരെ ജെഎൻഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയുധങ്ങളോ വെടിക്കോപ്പുകളോ കൊള്ളയടിച്ചതായി ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല
കലാപത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. ക്രമസമാധാനപാലനത്തിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് മണിപ്പൂർ ഇൻ്റഗ്രിറ്റി കമ്മിറ്റി അടച്ചുപൂട്ടലിനും പൊതു കർഫ്യൂവിനും ആഹ്വാനം ചെയ്തിരുന്നു. ഇംഫാലിലെ എല്ലാ കടകളും രാവിലെ മുതൽ അടഞ്ഞുകിടക്കുകയാണ്. റോഡുകളും മാർക്കറ്റുകളും വിജനമാണ്. സെപ്റ്റംബർ 1 മുതൽ ഇതുവരെ ഏഴ് ദിവസത്തിനകം മണിപ്പൂരിൽ നാല് പ്രധാന അക്രമസംഭവങ്ങൾ നടന്നു. സെപ്തംബർ ഏഴിന് നടന്ന സംഭവത്തിന് പുറമെ മറ്റ് മൂന്ന് സംഭവങ്ങളിലായി മൂന്ന് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 മെയ് മുതൽ മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം തുടരുകയാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop