ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ തെരഞ്ഞെടുക്കപ്പെട്ടു. ജെവിപി നേതാവായ അനുര നാഷണൽ പീപ്പിൾസ് പവർ എന്ന സോഷ്യലിസ്റ്റ് സഖ്യത്തിന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. നൂറ്റാണ്ടുകളായി ശ്രീലങ്കൻ ജനത വളർത്തിയെടുത്ത സ്വപ്നം യാഥാർത്ഥ്യമായെന്ന് വോട്ടേഴ്സിന് നന്ദി പറഞ്ഞു കൊണ്ട് അനുര ട്വീറ്റ് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും ആഭ്യന്തര കലാപത്തിനും ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അനുര കുമാര ദിസനായകെയുടെ മിന്നും ജയം. കമ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരുമനയുടെ നേതാവായ അനുര അതിസാധാരണമായ കുടുംബസാഹചര്യങ്ങളിൽ നിന്നും പ്രസിഡന്റ് പദവിയിലെത്തുന്ന ആളാണ്. ശ്രീലങ്കയുടെ പത്താമത്തെ പ്രസിഡന്റായി അനുര കുമാര ദിസനായകെ നാളെ സത്യപ്രതിജ്ഞ ചെയ്യും.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനുവേണ്ട 50 ശതമാനത്തിലധികം വോട്ടുകൾ ഒരു സ്ഥാനാർത്ഥിക്കും ലഭിക്കാതിരുന്ന സാഹചര്യത്തിൽ രണ്ടാം മുൻഗണനാ വോട്ടുകൾ എണ്ണിയതിനെ തുടർന്നാണ് അനുര കുമാര ദിസനായകെ വിജയിച്ചത്. ചൈന അനുകൂല നിലപാടുള്ള അനുരയുടെ വിജയം ഇന്ത്യയ്ക്ക് ആശങ്കകൾക്കിടയാക്കും. സമാഗി ജന ബലവേഗയയുടെ ഇന്ത്യ അനുകൂലിയായ സ്ഥാനാർത്ഥി സജിത് പ്രേമദാസയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.മൂന്നാം സ്ഥാനത്തായിരുന്ന നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ ആദ്യ റൗണ്ടിനുശേഷം പുറത്തായി. ശ്രീലങ്കയിലെ അനുരാധപുര ജില്ലയിലെ കർഷകതൊഴിലാളിയുടെ മകനായ അനുര കുമാര ദിസനായകെ ജെ വി പിയിൽ വിദ്യാർത്ഥികാലം മുതൽ പ്രവർത്തിച്ചുവരുന്ന നേതാവാണ്. 2000-ൽ പാർലമെന്റിലെത്തിയ അദ്ദേഹം 2004-ലെ സർക്കാരിൽ കൃഷി, ജലസേചനം, വകുപ്പു മന്ത്രിയായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop