ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ ഒടുവില്‍ നടപടിയുമായി സർക്കാർ. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി. മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്.
എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ വീഴ്ചകള്‍ നിരത്തിയ റിപ്പോർട്ട് ഇന്നലെയാണ് ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് സർക്കാറിന് നല്‍കിയത്. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തണ്‍ യോഗത്തിന്‍റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകള്‍ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്. റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതിന് പിന്നാലെ ഇന്നലെ ശബരിമല അവലോകനയോഗത്തില്‍നിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തിയിരുന്നു. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനപ്പുറത്തേക്കുള്ള എന്തെങ്കിലും നടപടികള്‍ മുഖ്യമന്ത്രി കൈക്കൊള്ളുമോയെന്നായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയിരുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop