മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. ടണല്‍ പാതയുടെ പ്രവര്‍ത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലും ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സിപിഐയുടെ എതിര്‍പ്പ് കൂടി മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട് തുരങ്കപാതയെപ്പറ്റി മൂന്ന് വട്ടം ചിന്തിക്കണമെന്നും ശാസ്ത്രീയ പഠനം വേണമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ഒന്നാം പാക്കേജിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത് ജൂലൈ 8 നാണ്. രണ്ടാം പാക്കേജിന്റെ ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നത് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിനു ശേഷം, സെപ്റ്റംബര്‍ മാസം നാലിനാണ്.
പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു. തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറന്‍സ് കഴിഞ്ഞ വര്‍ഷം ലഭിച്ചു. സ്റ്റേജ്-2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിപവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
© The News Journalist. All Rights Reserved, .
Design by The Design Shop