സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല പോസ്റ്റര്‍ ലോഞ്ചിംഗിലെ വ്യത്യസ്തയുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറുന്നു. അര്‍ജ്ജുന്‍ അശോകനും അപര്‍ണ ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകള്‍ അഞ്ച് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ലോഞ്ച് ചെയ്തു.
പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ്, മമിത ബൈജു, നസ്ലിന്‍ എന്നിവരുടെ പേജുകളിലൂടെയാണ് ഈ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയ്ക്ക് മുന്നിലെത്തിയത്. അഞ്ച് വ്യത്യസ്ത പോസ്റ്ററുകള്‍ ഒരേ സമയം ലോഞ്ച് ചെയ്തതാണ് ആനന്ദ് ശ്രീബാല സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത ഓരോ പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മിസ്റ്ററി ഫീല്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോസ്റ്ററുകള്‍ക്ക് സാധിക്കുന്നുണ്ട്.
മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ്. മാളികപ്പുറം, 2018 തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരു കമ്പനികളും ഒന്നിക്കുന്ന നിര്‍മ്മാണ സംരംഭമാണ് ആനന്ദ് ശ്രീബാല. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ് ചിത്രം.
സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്,സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ സംഗീത, ഒരിടവേളയ്ക്ക് ശേഷം മുഴുനീള കഥാപാത്രവുമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop