തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പ്. 17ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 18ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശത്തും ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി ഏഴ് മണി വരേയും തമിഴ്നാട് തീരത്ത് രാത്രി 11.30 വരേയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.
© The News Journalist. All Rights Reserved, .
Design by The Design Shop