കോഴിക്കോട് : വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറെ വിവാദത്തിന് വഴി വെച്ച കാഫിർ പോസ്റ്റ് വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കേസിൽ 12 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. 'അമ്പാടിമുക്ക് സഖാക്കൾ' എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ കോഴിക്കോട് വിഭാഗം അന്വേഷിക്കുകയാണെന്നും ഇതിനായി ഫെയ്സ്ബുക്കിനോട് മറുപടി തേടിയെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ പറഞ്ഞു.
അതെ സമയം കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
'പോരാളി ഷാജിയുടെ' എന്ന ഫേസ്ബുക് പ്രൊഫൈലിന് പിന്നിലാരാണെന്ന് ഫെയ്സ്ബുക്കിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ചുവെന്നും മഹ്സർ തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop