കൊച്ചി : വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം കാമ്പസുകളില്‍ വേണ്ടെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകള്‍ സംബന്ധിച്ച കേസ് പരിഗണിക്കുബോഴാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കാറില്‍ നീന്തല്‍ക്കുളമുണ്ടാക്കിയ യൂട്യൂബ് വ്‌ളോഗര്‍ സഞ്ജു ടെക്കിയുടെ നിയമലംഘനത്തെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വാഹനങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിയമലംഘനം നടത്തുന്ന വ്ലോഗര്‍മാരുടെ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം കാമ്പസുകളില്‍ ആവശ്യമില്ല. ഇപ്പോള്‍ റിക്കവറി വാനുകളും ക്രെയിനുകളും വരെ കാമ്പസുകളില്‍ കൊണ്ടുവരുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നൽകിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബസുകളുടെ അടക്കം പല പൊതുവാഹനങ്ങളുടെയും ബ്രേക്ക്, ലൈറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സജീവ ഇടപെടല്‍ ഉണ്ടാവണമെന്നും കോടതി നിര്‍ദേശിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop