കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ കെ കെ ലതികയ്ക്ക് പിഴവ് പറ്റിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍. സാമൂഹിക വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ കെ ലതിക പിന്‍വലിക്കുകയും ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.
ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നു എന്ന് ആളുകളെ അറിയിക്കുന്നതിന് വേണ്ടിയാണെങ്കിലും സാമൂഹിക വിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞത്. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു.
ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ഫേസ്ബുക്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop