ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയൽ റൺ ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ തുറമുഖത്തിലൂടെയുള്ള ചരക്ക് നീക്കവും നിയമവിധേയമായി. തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതിന് ഏതാനും അനുമതികൾകൂടി ഇനി ലഭിക്കാനുണ്ട്.
ഇതോടെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖമായ വിഴിഞ്ഞം തുറമുഖത്ത് കണ്ടൈനറുകളുമായി കൂറ്റൻ ചരക്കുകപ്പലുകൾ എത്തും. രാജ്യത്തിൻ്റെ ഒരേയൊരു മദർ പോർട്ടായ വിഴിഞ്ഞം തുറമുഖം ഓണത്തിന് തന്നെ പ്രവർത്തന സജ്ജമാകാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ട്രയൽ റണ്ണിൻ്റെ ഭാഗമായി കണ്ടൈനർ നിറച്ച കൂറ്റൻ കപ്പൽ ഈ മാസം തന്നെ വിഴിഞ്ഞത്ത് എത്തും.
കപ്പലിൽ നിന്ന് കണ്ടൈനറുകൾ തുറമുഖ യാർഡിലേക്ക് ഇറക്കിയും കയറ്റിയും ട്രയൽ നടത്തും. നിലവിൽ ചരക്കു കയറ്റാത്ത കണ്ടയ്നറുകൾ ബാർജിൽ എത്തിച്ചു തുറമുഖത്ത് സ്ഥാപിച്ച യാർഡ് ക്രൈനുകളും ഷിപ്പ് റ്റു ഷോർ ക്രൈനുകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര കസ്റ്റംസ് അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
ആദ്യ ഘട്ടത്തിൻ്റെ ഭാഗമായ പുലിമുട്ട്, കണ്ടൈനർ ബർത്ത്, കണ്ടൈനാർ യാർഡ്, വൈദ്യുതി യൂണിറ്റുകൾ, പോർട്ട് ആക്സസ് റോഡ് തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. തുറമുഖത്തെ ഡ്രെഡ്ജിങ്ങും പൂർത്തിയാക്കി. ചൈനയിൽ നിന്ന് ഏഴ് കപ്പലുകളിലായി എത്തിച്ച എട്ട് ഷിപ്പ് ഷോർ ക്രൈനുകളും, 24 യാർഡ് ക്രൈനുകളും തുറമുഖത്ത് സ്ഥാപിച്ചിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop