പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സെമിനാര്‍ നടത്തുന്നു. രാജ്യത്തിന്റെ പുരോഗതിയിലും സുസ്ഥിര വികസനത്തിലും പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കും മാധ്യമങ്ങള്‍ക്കും ഉള്ള പങ്ക് എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തുക. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സേഷ്യല്‍ സയന്‍സ് റിസര്‍ച്ചാണ് (ഐ.സി.എസ്.എസ്.ആര്‍) സെമിനാറിന് ആവശ്യമായ ധനസഹായം നല്കുന്നത്. രണ്ടു ദിവസമായി നടക്കുന്ന സെമിനാറില്‍ രാജ്യത്തെ കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളില്‍ നിന്നടക്കം നിരവധി ഗവേഷകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജൂണ്‍ 27, വെള്ളിയാഴ്ച രാവിലെയാണ് സെമിനാര്‍ ആരംഭിക്കുക.
കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ മുന്‍ മാധ്യമപഠന മേധാവി പ്രൊഫ. ഡോ.പി. ഇ. തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുല്‍ബാരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല, ജേര്‍ണലിസം വകുപ്പ് മേധാവി ഡോ. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ പ്ലീനറി സമ്മേളനം നടക്കും. സമ്മേളനത്തില്‍ ഡോ. റൂബല്‍ കനോസിയ (പഞ്ചാബ് കേന്ദ്രസര്‍വകലാശാല, ബത്തിന്‍ഡ), ഡോ. റേച്ചല്‍ ജേക്കബ് (മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ), ഡോ. എം. ശ്രീഹരി (ഭാരതീയാര്‍ സര്‍വകലാശാല, കോയമ്പത്തൂര്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും, അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 28നാണ് സെമിനാര്‍ സമാപിക്കുക. സമാപന സമ്മേളനം ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് (ഡോണ്‍ ബോസ്‌കോ കോളേജ്, അങ്ങാടിക്കടവ് ) ഉദ്ഘാടനം ചെയ്യും. ദേശീയ സെമിനാറില്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മൂഖ്യ രക്ഷാധികാരിയായും കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ അബ്ദുല്‍ ബാരി അധ്യക്ഷനായും കോളേജ് സി.ഇ.ഒ ഫാ. വര്‍ഗീസ് കൊല്ലമാവുടി, ബര്‍സാര്‍ ഫാ. ചാക്കോ ചേലംപറമ്പത്ത്. സെല്‍ഫ് ഫിനാന്‍സ് സ്ട്രീം ഡയറക്ടര്‍ പ്രൊഫ. താരാ ഫിലിപ്പ് എന്നിവര്‍ അംഗങ്ങളായും സംഘാടക സമിതി രൂപികരിച്ചു.
മാധ്യമവിഭാഗം മേധാവി ഡോ. ജോബിന്‍ ജോയിയാണ് സെമിനാറിന്റെ കണ്‍വീനര്‍. അധ്യാപകരായ ജിബിന്‍ വര്‍ഗീസ്, ഷോബിന്‍ മാത്യു, ലിന്‍സി ജോസഫ്, കെസിയ ജേക്കബ്, ക്രിസ്റ്റീന ജോസഫ്, ലിതിന്‍ മാത്യു എന്നിവരാണ് സെമിനാറിനു നേതൃത്വം നല്കുക. ജേര്‍ണലിസം അസോസിയേഷന്‍ സെക്രട്ടറി ആതിര രമേഷ്, അമല സിജോ, ആൻസി എ എന്നീ വിദ്യാര്‍ത്ഥികളും സംഘാടക സമിതിയിലുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +91 97441 28365
© The News Journalist. All Rights Reserved, .
Design by The Design Shop