ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. തന്‍റെ വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമെന്ന പാര്‍ട്ടി വിലയിരുത്തലിലാണ് തീരുമാനമെന്നും ഖര്‍ഗെ അറിയിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.
രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി നല്‍കാന്‍ തീരുമാനിക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു. അതേസമയം രാഹുലിന് പകരം, സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കൾ രാഹുലിനെ അറിയിച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്ന വിലയിരുത്തലില്‍ കൂടിയായിരുന്നു ഈ നടപടി. ഉത്തരേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്തു എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ആറ് മാസത്തിനകം ഉപ തെരഞ്ഞെടുപ്പ് നടന്നേക്കും.
© The News Journalist. All Rights Reserved, .
Design by The Design Shop