ടോക്കിയോ: വൈറസിന് പിന്നാലെ ലോകത്തെ നടുക്കുന്ന ബാക്ടീരിയയുടെ ഭീഷണിയിലാണ് ജപ്പാന്‍. മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അണുബാധയുടെ കേസുകള്‍ ജപ്പാനില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ ബാക്ടീരിയ ബാധിക്കുന്ന വ്യക്തിക്ക് 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. അതിവേദനാജനകമായിരിക്കും ഈ രോഗം ബാധിച്ചുള്ള മരണം.
സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്റ്റിഎസ്എസ്) എന്നാണ് അണുബാധയുടെ പേര്. ജൂണ്‍ വരെ 977 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജപ്പാനിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് (എന്‍ഐഐഡി) റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 1999 മുതല്‍ പകര്‍ച്ച വ്യാധികളേക്കുറിച്ചുള്ള പഠനം നടത്തുന്ന സ്ഥാപനമാണ് എന്‍ഐഐഡി.
മനുഷ്യ ടിഷ്യുവിന്റെ നാശത്തിനും അതിവേഗം അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും കാരണമാകുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ വ്യാപനം ലോകത്തേയും മെഡിക്കല്‍ കമ്യൂണിറ്റിയ്ക്കുള്ളിലും കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം ജപ്പാനിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ഹോങ്കോങിലെ അധികാരികള്‍ നല്‍കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തി ശുചിത്വും പുതിയ മുറിവുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാനും അധികാരികള്‍ നിര്‍ദ്ദേശിക്കുന്നു.
അണുബാധയേറ്റാല്‍ 48 മണിക്കൂറിനുള്ളില്‍ മാരകമായേക്കാവുന്ന അക്രമണോത്സുക രോഗമാണിത്. ഗ്രൂപ്പ് എ സ്‌പെക്ട്രോകോക്കസ് ജിഎഎസ് എന്ന ബാക്ടീരിയ മൂലമാണിത് ഉണ്ടാകുന്നത്. തൊണ്ട വേദനയും തൊണ്ട പ്രദേശത്ത് അതിശക്തമായ വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ചില സമയങ്ങളില്‍ തൊണ്ട വേദന അമിതമായാല്‍ കുറഞ്ഞ രക്ത സമ്മര്‍ദ്ദവും, അവയവങ്ങളുടെ തകരാറും, ആത്യന്തികമായ മരണവും സംഭവിക്കാമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം.
കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങി സമൂഹിക ഇടപെടല്‍ വ്യാപകമായതോടെ രോഗവ്യാപനവും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. അന്‍പത് വയസിനു മുകളില്‍ ഉള്ളവരിലാണ് സാധാരണയായി ഈ ബാക്ടീരിയ ബാധിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഹൈപ്പര്‍ ഇന്‍ഫ്‌ളമേട്രി പ്രതികരണത്തിന് കാരണാകുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുകയാണ് ഇവ ചെയ്യുന്നത്. ബാക്ടീരിയകള്‍ക്ക് രക്ത പ്രവാഹത്തിലേക്കും അവയവങ്ങളിലേക്കും അതിവേഗം പ്രവേശിക്കാന്‍ കഴിയും. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം അവയങ്ങളുടെ നാശത്തിന് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മരണങ്ങളില്‍ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളില്‍ സംഭവിക്കും.
ജപ്പാനെ കൂടാതെ മറ്റ് രാജ്യങ്ങളിലും എസ്റ്റിഎസ്എസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇനിയും വ്യാപനം ഉണ്ടാകുന്നത് തടയാനാണ് അധികൃതരുടെ ശ്രമം.
© The News Journalist. All Rights Reserved, .
Design by The Design Shop