തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. റായ്ബറേലി മണ്ഡലം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. 'ബൈ ബൈ, റ്റാറ്റ' എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന്‍ പങ്കുവച്ചത്.
ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. പകരം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. പ്രിയങ്കയുടെ കന്നി അങ്കമാണ് വയനാട്ടിലേത്. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കയെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കേരളത്തിലെ നേതാക്കളെ രാഹുലിനെ അറിയിച്ചിരുന്നു.
തന്റെ ദുഷ്‌കരമായ കാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും നിയുക്ത എം പി പ്രതികരിച്ചു. രാഹുലിന്റെ അഭാവം തോന്നിക്കാത്ത വിധം പ്രതികരിക്കുമെന്ന് പ്രിയങ്കയും പ്രതികരിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop