ചിന്താമണി കൊലക്കേസ് എന്ന ഷാജി കൈലാസ് ചിത്രത്തിലെ അഡ്വക്കറ്റ് ലാല്‍ കൃഷ്ണ സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ശക്തമായ വക്കീല്‍ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ലാല്‍ കൃഷ്ണയ്ക്ക് ശേഷം മറ്റൊരു വക്കീല്‍ കഥാപാത്രമായി സുരേഷ് ഗോപി പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രവീണ്‍ നാരായണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരേഷ് ഗോപിയുടെ വക്കീല്‍ റീഎന്‍ട്രി.
ജെഎസ്‌കെ - ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവന്‍ എന്നാണ് സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം അനുപമ പരമേശ്വന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം.
'I know what i am doing, and will continue doing the same' എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്‌കെയുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. മാധവ് സുരേഷ്, അക്‌സര്‍ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍, ജോയ് മാത്യു, ബൈജു സന്തോഷ്, കോട്ടയം രമേശ്, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോസ്‌മോസ് എന്റര്‍ടൈന്‍മെന്റും ഇഫാര്‍ മീഡിയയും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാര്‍, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റെണദിവേ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സംജിത് മുഹമ്മദാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop