കൊച്ചി: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിക്ക് വീണ്ടും തിരിച്ചടിയായി സഞ്ജുവിന്റെ പേജില്‍ നിന്നും വീഡിയോകള്‍ യൂട്യബ് നീക്കം ചെയ്തു. മേട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ അടങ്ങിയ ഏട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ആലപ്പുഴ എന്‍ഫോഴ്‌സ് ആര്‍ടിഒ യൂട്യൂബിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കികൊണ്ടുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചത്. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും.15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍. യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിംഗ് പൂളൊരുക്കിയത്.
കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങള്‍ ട്യൂബില്‍ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടര്‍ന്നു. എന്‍ജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയര്‍ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ വെള്ളം മുഴുവന്‍ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop