തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യാ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തും. സുഹൃത്തായ ഇന്‍സ്റ്റഗ്രാം താരത്തിന്റെ മാനസിക പീഡനം ആത്മഹത്യക്ക് കാരണമായെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി. ഏഴ് മണിക്കൂറിലേറെയായി ചോദ്യം ചെയ്യുന്ന സുഹൃത്തിന്റെ അറസ്റ്റും രേഖപ്പെടുത്തിയേക്കും.
ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറും കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ ആത്മഹത്യ എന്തിനെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലും ചോദ്യം ഉയർന്നിരുന്നു. പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ ചൊല്ലി വീട്ടിലുണ്ടായ പ്രശ്‌നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് ശക്തിപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. ആരൊക്കെയാണ് അധിക്ഷേപത്തിന് നേതൃത്വം നല്‍കിയതെന്ന് അറിയാന്‍ സൈബര്‍ ടീം പരിശോധനയും തുടങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടിയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ സുഹൃത്തിനെതിരെയാണ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആക്ഷേപം നീളുന്നത്. ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇതുകൂടാതെ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop