സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾക്ക് ഇന്ന് മുതൽ തുടക്കമാകും. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കും. ഉദ്ഘാടന പരിപാടി എല്ലാ ക്യാമ്പസുകളിലും തത്സമയം കാണാം. തുടർന്ന് ക്യാമ്പസുതല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്. യുജിസി മുന്നോട്ടുവച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ എന്നിവ കണക്കിലെടുത്തും കേരളത്തിന്റേതായ ബദലുകൾ ഉൾക്കൊള്ളിച്ചുമാണ് കരിക്കുലം ചട്ടക്കൂട്. മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി പുറത്തുപോകാനും താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും റിസർച്ച് താൽപര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് ഘടന.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവകലാശാലകളിലും ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. തൊഴിൽ ശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള ദ്വിമുഖ സമീപനം പുലർത്തുന്ന കേരളത്തിലെ നാലുവർഷ ബിരുദ പരിപാടി രാജ്യത്തിന് തന്നെ മാതൃകയായിരിക്കും. കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടു വെപ്പാണ് നാലുവർഷ ബിരുദ പരിപാടി. ഇതോടനുബന്ധിച്ച് ഏകീകൃത അക്കാദമിക് കലണ്ടർ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ക്ലാസ് ആരംഭിക്കുന്നത്.
സാമൂഹ്യനീതിയിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ, എല്ലാ വിഭാഗങ്ങൾക്കും തുല്യത ഉറപ്പാക്കുന്ന, മികവിലും ഗുണ നിലവാരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഉന്നതവിദ്യാഭ്യാസമാണ് സർക്കാർ സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ രൂപീകരിക്കപ്പെടുന്ന അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്താനും അതുവഴി കേരളത്തെ സാമ്പത്തികശക്തിയായി വളർത്തുകയുമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop