മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ വാക്കു തർക്കത്തെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. കെഎസ്‌ആർടിസി മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു. ഇത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിന്റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ല.
മേയറും കുടുംബവും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണ്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ചോദ്യങ്ങൾ ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കുപോലും പ്രവേശനമില്ല. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് സാധിക്കില്ല. മൂന്നു മണിക്കുശേഷം ജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദമില്ലെന്നും വിമർശനമുയർന്നു. എ എൻ ഷംസീറിന്റെ ബിസിനസ് ബന്ധം പാർട്ടിയുടെ രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ലാ കമ്മിറ്റിയംഗങ്ങൾ കുറ്റപ്പെടുത്തി. അമിത് ഷായുടെ മകനെ കാറിൽകയറ്റി നടക്കുന്ന ആളുമായാണ് ഷംസീറിന് ബന്ധം. പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാളെ സഖാക്കൾ സമീപിച്ചപ്പോൾ ദേശാഭിമാനി പത്രം വാങ്ങാൻ പോലും തയ്യാറായില്ല. ഇത്തരമൊരു ആളുമായി ഷംസീറിന് എന്താണെന്ന് ബന്ധമെന്നും നേതാക്കൾ ചോദിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop