കൽപ്പറ്റ: മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴി ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം തീവ്ര പരിശോധനയുമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. മക്കമലയിലേതിനും സമാനമായി മറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന. കേസ് വൈകാതെ എൻഐഎ ഏറ്റെടുക്കും.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെൻ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജൂൺ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർബോൾട്ട്, കണ്ണൂർ വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ നായകളും ഒപ്പമുണ്ട്. അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.
കബനി ദളത്തിലെ മാവോയിസ്റ്റുകൾ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന കിട്ടിയിരുന്നു. അതിനിടെയാണ് കൊടക്കാട് കുഴിബോംബ് കണ്ടെത്തിയത്. ശക്തി കേന്ദ്രങ്ങളിൽ മാവോയിസ്റ്റുകൾ പയറ്റുന്ന ആക്രമണ രീതിയാണ് കുഴിബോംബ് സ്ഫോടനം. തണ്ടർ ബോൾട്ടിനെ ആക്രമിക്കാൻ കുഴിബോംബ് ഒരുക്കിയതോടെ കേരളത്തിൻ്റെ വനമേഖലയിൽ ഇതുവരെയുള്ള രീതിയാകില്ല സേനയും പിന്തുടരുക. മൃദുസമീപനം വേണ്ടെന്നാണ് തണ്ടർബോൾട്ടിനും എസ്ഒജിക്കും കിട്ടിയ നിർദേശം.
© The News Journalist. All Rights Reserved, .
Design by The Design Shop