കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. 4-2 എന്ന സ്‌കോറിനാണ് ഉറുഗ്വെ വിജയിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. ഇതോടെ സെമിയില്‍ ഉറുഗ്വെ- കൊളംബിയയുമായി മത്സരിക്കും.
ഉറുഗ്വെയ്ക്കായി ഫെഡറിക്കോ വാല്‍വര്‍ഡെ, റോഡ്രിഗോ ബെന്റന്‍ക്യുര്‍, ജിയോര്‍ജിയന്‍ ഡി അരസ്‌ക്വേറ്റ, മാനുവല്‍ ഉഗ്രെറ്റ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോസെ ജിമെനെസിനു മാത്രമാണ് പിഴച്ചത്. ബ്രസീലിനായി അന്‍ഡ്രിസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റോ, മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് എന്നിവര്‍ അവസരം പാഴാക്കി.
നിശ്ചിത സമയത്തിന്റെ 74ാം മിനിറ്റിൽ ഉറുഗ്വെ താരം നഹിതാന്‍ നാന്‍ഡെസ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി ടീം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്രസീലിനെ അവര്‍ പ്രതിരോധിച്ചു. എന്നാല്‍ അവസരം മുതലെടുക്കാന്‍ ബ്രസീലിനു സാധിച്ചതുമില്ല. മത്സരത്തില്‍ പൊസഷന്‍ കാത്തതും പാസിങില്‍ മുന്നില്‍ നിന്നതുമെല്ലാം ബ്രസീലായിരുന്നു. എന്നാല്‍ ഉറുഗ്വെ കൂടുതല്‍ മികച്ച ആക്രമണമാണ് നടത്തിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop