തലപ്പുഴ: തലപ്പുഴ മക്കിമലയിൽ
മാവോയിസ്റ്റുകൾക്കെതിരെ പോസ്റ്ററുകൾ പതിച്ചു. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രം, ജംഗ്ഷനിലെ കടകളിലെ ഭിത്തികളിലും മറ്റുമാണ് രാവിലെയോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൃത്യമായി ഡിസൈൻ ചെയ്ത് കളർ പ്രിൻ്റ് എടുത്ത പോസ്റ്ററുകളാണ്
പതിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്ററുകൾ തയ്യാറാക്കിയത് ആരാണെന്നത് പോസ്റ്ററിൽ
പരാമർശിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാവോയിസം നാടിനെ ബാധിക്കുന്ന ക്യാൻസർ, ജനവാസ മേഖലകളിൽ ബോംബ് സ്ഥാപിക്കുന്ന മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കുക, കാടിനെ യുദ്ധഭൂമിയാക്കാൻ അനുവദിക്കില്ല, ചോരയിൽ കുതിർന്ന രാഷ്ട്രീയം ഞങ്ങൾക്ക് വേണ്ട എന്നൊക്കെയാണ് പോസ്റ്ററുകളിൽ ഉള്ളത്. ഒരാഴ്ച മുമ്പാണ് മക്കിമല ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ഐഇഡിബോംബ് കണ്ടെത്തിയത്. ബോംബ് സ്ഥാപിച്ചത് മാവോയിസ്റ്റുകളാണെന്ന സംശയത്തിൽ യുഎപിഎ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിരുന്നു. ഒരു മാസം മുമ്പ് തലപ്പുഴ കമ്പമലയിൽ എത്തിയ മാവോയിസ്റ്റ് സംഘങ്ങൾക്കെതിരെ നാട്ടുകാർ പരസ്യമായി വിമർശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop