കല്‍പ്പറ്റ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ നാളെ,ജൂലൈ 18 നും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.വയനാട്ടില്‍ ഇന്ന് റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് വയനാട്ടില്‍ മാത്രമാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതെ സമയം വയനാട്ടിൽ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി 137 സ്ത്രീകളും 123 പുരുഷന്‍മാരും 72 കുട്ടികളും ഉള്‍പ്പെടെ 332 പേരാണ് 11 ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ 89 പേര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. മഴയിലും കാറ്റിലും 28 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop