കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിയായ 13കാരിക്കായി വ്യാപക തെരച്ചിൽ. കുട്ടി ചെന്നെെയിലേക്ക് പോയതായാണ് സംശയം. കന്യാകുമാരിയിൽ നിന്ന് തിരുനെൽവേലി റൂട്ടിൽ ചെന്നെെയിലേക്ക് കുട്ടി പോയിരിക്കാമെന്നാണ് ഇപ്പോഴാത്തെ നിഗമനം. ചെന്നെെയിൽ എത്തുന്നതിന് മുൻപ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആർപിഎഫിന്റെയും തമിഴ്‌നാട് റെയിൽവേ പൊലീസിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്. കുട്ടിയുടെ സഹോദരൻ ചെന്നൈയിലാണ് താമസിക്കുന്നത് ചെന്നെെ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിൽ വിശദമായ തെരച്ചിൽ നടത്തുന്നുണ്ട്. കുട്ടി ലോക്കൽ കംപാർട്ട്മെന്റിൽ ആയിരിക്കാനാണ് സാദ്ധ്യത കൂടുതൽ. കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈനിന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് (13)കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.പെൺകുട്ടി ബംഗളൂരു- കന്യാകുമാരി എക്‌സ്‌പ്രസിൽ യാത്ര ചെയ്തുവെന്നും പാറശാല വരെ കുട്ടി ട്രെയിനിൽ ഉണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ട്രെയിനിൽ വച്ച് കുട്ടി കരയുന്നത് കണ്ട് യാത്രക്കാരിയായ ബബിത ചിത്രം പകർത്തിയിരുന്നു. ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേയ്ക്ക് പോയിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.രാവിലെ 5.30ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നിൽക്കുന്നത് കണ്ടതായാണ് വിവരം ലഭിച്ചത്. കന്യാകുമാരി ഓട്ടോറിക്ഷാ അസോസിയേഷന് പെൺകുട്ടിയുടെ ഫോട്ടോ തമിഴ്‌നാട് പൊലീസ് കൈമാറി. കന്യാകുമാരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ രാവിലെ നാല് മണി മുതൽ പരിശോധന നടക്കുകയാണ്. കുട്ടി ബീച്ച് ഭാഗത്തേക്ക് പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിലവിലെ പരിശോധന.
© The News Journalist. All Rights Reserved, .
Design by The Design Shop