ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കും. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെന്‍സസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റ്‌റേഷന്‍ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഈ സമയക്രമം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സെന്‍സസ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2021-ല്‍ പൂര്‍ത്തിയാക്കേണ്ട സെന്‍സസ് കണക്കുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കണക്കാക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പല കണക്കുകള്‍ക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രില്‍ ഒന്നുമുതല്‍ നടത്തി സെപ്റ്റംബര്‍ 30-ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് 19 വ്യാപനം തുടങ്ങുകയും മാര്‍ച്ച് 22-ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ സെന്‍സസ് പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop