ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തരംഗം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകപിന്തുണയുള്ള സൂപ്പര്‍ താരം റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്. 'യു ആര്‍' എന്ന ചാനല്‍ തുടങ്ങിയതിന് പിന്നാലെ യുട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സൂപ്പര്‍ താരം യുട്യൂബ് ചാനല്‍ തുടങ്ങിയതു മുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ കുത്തൊഴുക്കാണ്. ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 10 മില്ല്യണ്‍ പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. ഇതോടെ ഏറ്റവും വേഗത്തില്‍ 10 മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ചാനലെന്ന യുട്യൂബ് റെക്കോര്‍ഡ് റൊണാള്‍ഡോയുടെ 'മാസ് എന്‍ട്രി'ക്ക് മുന്നില്‍ തകര്‍ന്നു.
ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ സമ്പാദിച്ചിരുന്നു. ഇതോടെ അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യുട്യൂബ് ചാനലെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും റൊണാള്‍ഡോ മറികടന്നു. 2.16 മില്ല്യണ്‍ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സാണ് മെസ്സിക്ക് ഉള്ളത്. അതേസമയം വെറും രണ്ട് മണിക്കൂറിനുള്ളിലാണ് റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. നിലവില്‍ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് റൊണാള്‍ഡോയുടെ ചാനലിലുള്ളത്.
'ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്സ്ക്രൈബ് ചെയ്യൂ', ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
© The News Journalist. All Rights Reserved, .
Design by The Design Shop