സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.
2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop